പുതിയ തലമുറയ്ക്ക് രാഷ്ട്രീയം വേണമോ? വേണ്ടയോ?


നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം കഴിഞ്ഞ ഉടൻ എന്റെ വാട്സ്ആപ്പ് ഇൻബോക്സിൽ നിരവധി ചോദ്യങ്ങളും അഭിപ്രായങ്ങളും  വരുകയുണ്ടായി. ഇന്നലെ 3/5/21 ൽ ഒരു വൈറൽ  വാട്സ്ആപ്പ് സ്റ്റാറ്റസ് വീഡിയോ എന്റെ ശ്രദ്ധയിൽ പെടുകയുണ്ടായി അതിൽ പുതിയ തലമുറ രാഷ്ട്രീയം പറയേണ്ട കാര്യമില്ല പകരം ചില്ല് ആയി ജീവിക്കാൻ എന്നുള്ളതാണ്. ഒരു ജനാധിപത്യ രാജ്യത്തു ജീവിക്കുമ്പോൾ നമ്മുടെ നാടിനെ അറിയാതെ രാഷ്ട്രീയം മനസിലാക്കാതെ ഒരു ഉത്തരവാദിത്ത ബോധമില്ലാതെ വെറുതെ ചില്ലായിരുന്നുകൊണ്ട് ഒരു പൗരൻ പുതിയ തലമുറയിൽ വളർന്നു വന്നാൽ ഈ നാടിനെ ആരാണ് മുന്നോട്ട് നയിക്കുക ആരാണ് കൊണ്ടുപോകുക എന്ന് ഞാൻ ചിന്തിച്ചു - ഈ വീഡിയോ കണ്ടിട്ട് ഹരി എന്ന് പറയുന്ന ഒരു അനിയൻ എന്നോട് ഒരു ചോദ്യം ചോദിച്ചു-  പുതിയ തലമുറയിൽ രാഷ്ട്രീയം വേണോ വേണ്ടയോ, രാഷ്ട്രീയത്തിൽ വിശ്വസിക്കണോ വേണ്ടയോ എന്നുള്ളതാണ്? രാഷ്ട്രീയ ചിന്തകൾ തികച്ചും വ്യക്തിപരമായിട്ടുള്ള കാര്യമായത് കൊണ്ട് ഒരു രാഷ്ട്രീയ പാർട്ടിയുടെയും ലേബൽ വെച്ച് ഇത് എഴുതാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പകരം എന്താണ് രാഷ്ട്രീയം എന്തിനാണ് രാഷ്ട്രീയം എന്തുകൊണ്ടായിരിക്കണം രാഷ്ട്രീയ ബോധങ്ങൾ മുറുകെപിടിക്കേണ്ടത് എന്നുള്ള കാര്യത്തിനെ പറ്റി എന്റെ അറിവിൽ നിന്ന് ഞാനിവിടെ വ്യക്തമാക്കുന്നതാണ്.


നമ്മുടെ ഇന്ത്യ എന്ന് പറയുന്നതും ഒരു ഏകാധിപത്യ രാജ്യമല്ല, നിലവിൽ രാജഭരണവുമില്ല, ഇന്ത്യ എന്ന് പറയുന്നതും ജനാതിപത്യ രാജ്യമാണ്, ഒരു ജനാതിപത്യ രാജ്യത്ത് ജീവിക്കുമ്പോൾ അവിടെ ഏറ്റവും  കൂടുതൽ ആധിപത്യം ഉള്ളത് അവിടെത്തെ പൗരൻ എന്ന നിലക്ക് നമ്മൾ ജനങ്ങൾക്ക് ആണ്, ജനങ്ങൾക്ക് വേണ്ടി ഭരിക്കാൻ ഇവിടെ ഒരു സർക്കാർ വേണം, ഏതൊരു പൗരന്റെയും ധാർമിക ഉത്തരവാദിത്തം ആണ് വോട്ട് ചെയ്യുക എന്നുള്ളത്, നമ്മൾ എല്ലാവരും നമ്മുടെ സമ്മതിധാന അവകാശം രേഖപെടുത്തുക,അത് നമ്മൾ നമ്മുടെ രാജ്യത്തിനോട് ചെയ്യുന്ന കടമ തന്നെ ആണ്. നമ്മൾ എന്ത് ഭക്ഷണം കഴിക്കണം, നമ്മൾ ഏത് വസ്ത്രം ധരിക്കണം, അത്പോലെ നമ്മൾ ഏത് ദൈവത്തിൽ വിശ്വസിക്കണം എന്നുള്ളത് വ്യക്തിപരമായിട്ടുള്ള കാര്യമാണ്, അതിൽ ചോദ്യം ചെയ്യാനും, അത് വേണ്ട എന്ന് അടിവരയിട്ട് പറയാനും ഇവിടെ ആർക്കും ഒരു അധികാരവുമില്ല. അത്പോലെ തന്നെയാണ് രാഷ്ട്രീയ ചിന്തകളും നിലപാടുകളും.


കേരളമെന്ന സംസ്ഥാനത്തിന്റെ ഒരു കാര്യം മാത്രം കണക്കിൽ എടുക്കുക ആണെങ്കിൽ നിങ്ങൾ ഇപ്പോൾ വളരെ സ്വാതന്ത്ര്യമായിട്ടും സന്തോഷമായിട്ടും ജീവിക്കുന്നത്, കേരളത്തിൽ ജനാതിപത്യ മൂല്യങ്ങളെ മുറുകെപിടിക്കുന്നതുകൊണ്ടാണ്. നമ്മുടെ നാടിനു ഒരു സർക്കാർ വേണം, നമ്മുടെ നാടിനു ഒരു നേതാവ് വേണം, നമ്മുടെ കാര്യങ്ങൾ നടപ്പിലാക്കുവാൻ നമുക്ക് നീതി ലഭിക്കുവാൻ ഇവയൊക്കെ ഇവിടെ ഉണ്ടായേ മതിയാവുള്ളൂ. ഇവയൊക്കെ ഉറപ്പ് വരുത്തുവാൻ വേണ്ടിയാണു വോട്ട് ചെയേണ്ടത്, വോട്ട് ചെയ്യാൻ പോകുമ്പോൾ രാഷ്ട്രീയം നോക്കണം, സംഘടനപരമായും വ്യക്തിപരമായും നിങ്ങൾക്ക് നിങ്ങളുടെ വോട്ടുകൾ രേഖപെടുത്താം. അങ്ങനെ വോട്ട് ചെയ്യുമ്പോൾ നിങ്ങൾക്ക് ഉറപ്പായിട്ടും ഒരു രാഷ്ട്രീയ ബോധം ഇല്ലാതെ പറ്റില്ല, പുത്തൻ തലമുറ വിദ്യാഭാസം കൊണ്ടും കാര്യബോധം കൊണ്ടും വളരെ മികച്ചതാണ്. നിങ്ങളുടെ വിരലിൽ പുരട്ടുന്ന നീല മഷിയിൽ ആണ് ഈ നാടിന്റെയും രാജ്യത്തിന്റെയും സ്പന്ദനം  കുടികൊള്ളുന്നത്.


കഴിഞ്ഞ മാസം വാട്സാപ്പിൽ വൈറൽ ആയ ഒരു വീഡിയോ ഉണ്ട് - അതിൽ പറയുന്നത് നമ്മൾ പണിയെടുത്താൽ നമുക്ക് കൊള്ളാം എന്നാണ് - കേരളത്തിൽ നിന്ന് നേരെ നമുക്ക് നോർത്ത് ഇന്ത്യയിൽ ഒന്ന് എത്തി നോക്കാം, അവിടെയും പണിയെടുത്തു ജീവിക്കുന്ന മനുഷ്യന്മാരാണ് കൂടുതലും എന്നിട്ടും നല്ല ആശുപത്രി ഇല്ലാതെ, നല്ല ഭക്ഷണം ഇല്ലാതെ, നല്ല വിദ്യാഭാസം ഇല്ലാതെ ജീവിതം വഴിമുട്ടിയ ഒരു സാഹചര്യമാണ് ഇപ്പോഴത്തെ കോവിഡ് വ്യാപന അവസ്ഥ നോക്കുക നമ്മുടെ സഹോദരങ്ങൾ അവിടെ ജീവവായു കിട്ടാതെ മരിക്കുക ആണ്, അവിടെ ഭരിക്കുന്ന രാഷ്ട്രീയ സംഘടനയും അധികാരികളും നല്ലത് ആയിരുന്നു എങ്കിൽ അവർക്ക് ഈ ഗതി വരില്ലായിരുന്നു, അത്കൊണ്ട് ആണ് പുതിയ തലമുറ കുറച്ചൊക്കെ രാഷ്ട്രീയ ബോധം ഉള്ളവരായി ചിന്തിക്കുക എന്ന് ആഗ്രഹിച്ച്പോകുന്നത്, നല്ല രാഷ്ട്രീയ ബോധം ഉണ്ടെങ്കിൽ മാത്രമേ നല്ല അധികാരികളെയും നല്ല ഭരണവും നമുക്ക് നമ്മുടെ രാജ്യത്തിനായി ഉറപ്പ് വരുത്താൻ പറ്റുകയുള്ളു.


നല്ല  ഒരു രാഷ്ട്രീയ ബോധം ഇവിടെ പുതിയ തലമുറ നല്ല രീതിയിൽ ചിന്തിച്ചു ഉറപ്പ് വരുത്തുക, നല്ല രാഷ്ട്രീയ ബോധം നിങ്ങളെ നല്ല ഒരു പൗരൻ ആക്കി മാറ്റുക തന്നെ ചെയ്‌യും, പ്രതികരിക്കേണ്ട ഇടങ്ങളിൽ ശക്തമായി പ്രതികരിക്കുക, ഉയർത്തിപിടിക്കേണ്ട  നയങ്ങളും ആശയങ്ങളും ഉത്തർത്തി പിടിക്കുക. അതോടെ ഒപ്പം കൊലപാതക രാഷ്ട്രീയത്തെയും , അക്രമ രാഷ്ട്രീയത്തെയും ഇല്ലാതാക്കുവാൻ ശ്രമിക്കുക, രാഷ്ട്രീയ ചിന്തകൾ വളർത്തണം പക്ഷെ അത് പ്രതികാരത്തിനു വേണ്ടി ആകരുത് സഹോദര്യത്തിനും നന്മക്കും നല്ലൊരു രാഷ്ട്രം പടുത്തുയർത്താൻ വേണ്ടിയാകട്ടെ നിങ്ങളുടെ രാഷ്ട്രീയ മൂല്യങ്ങൾ ഉയർത്തി പിടിക്കേണ്ടത് എല്ലാപേർക്കും നല്ലത് മാത്രം വരട്ടെ.


[ ഈ ഒരു വിഷയത്തിനെപ്പറ്റി എഴുതുവാൻ എന്നെ സഹായിച്ച എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളോട് ( ഹരി, എൽദ , രേവതി, അഖിൽ, നവീൻ ) പ്രത്യേകം നന്ദി രേഖപെടുത്തുന്നു ]

- പൗരൻ